Banner Ads

ആവേശം അടങ്ങി, ഇനി അതിനിർണ്ണായകം; കേരളം നാളെ വിധിയെഴുതും.

കൊച്ചി : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം അവസാനിച്ചു. നാളെ (ഏപ്രിൽ 9) വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ്. വോട്ടർമാരെ വ്യക്തിപരമായി സ്വാധീനിക്കാനുള്ള ഈ ഘട്ടത്തിൽ നിശബ്ദ പ്രചാരണത്തിന്റെ കർശനമായ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.

സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് കർശനമായി വിലക്കി. സംസ്ഥാനത്ത് ആകെ 2500 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. സുരക്ഷയ്ക്കായി 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും സംസ്ഥാനത്തെത്തിയിട്ടുണ്ട്.

നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. പോളിംഗ് അവസാനിക്കുന്നതുവരെ എക്സിറ്റ് പോളുകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ 50 മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഇടത്-വലത് മുന്നണികൾ.

തൃശ്ശൂർ, മണലൂർ എന്നീ മണ്ഡലങ്ങളിൽ മികച്ച വിജയം നേടുമെന്ന് ബിജെപി വിലയിരുത്തുന്നു. കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അവസാന നിമിഷം വരെ വോട്ടർമാരെ തങ്ങളോടൊപ്പം ചേർക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. കേരളം നാളെ വിധിയെഴുതുന്നതോടെ 140 മണ്ഡലങ്ങളിലെയും ജനവിധി വോട്ടിംഗ് യന്ത്രങ്ങളിൽ ഭദ്രമാകും. മെയ് 4നാണ് വോട്ടെണ്ണൽ നടക്കുന്നത്.