Banner Ads

ക്രൂരതയുടെ ആൾരൂപം: പുത്തുമല ദുരന്തബാധിതയെ കബളിപ്പിച്ച ലക്ഷങ്ങൾ തട്ടിയ തട്ടിപ്പുവീരനെ കൽപ്പറ്റ പോലീസ് പിടികൂടി.

കല്‍പ്പറ്റ: പുത്തുമല, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതയായ നിരക്ഷരയായ സ്ത്രീയെ വീട് നിർമ്മാണത്തിന് ലോൺ ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു.തിരുനെല്ലി വെങ്ങാട്ട് വീട്ടിൽ ഇഗ്നേഷ്യസ് അരൂജ (55)യെയാണ് തിങ്കളാഴ്ച രാത്രി മാനന്തവാടിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കൂടാതെ തട്ടിപ്പിൽ പങ്കാളികളായ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.

2023 ഡിസംബറിലാണ് സംഭവം. കൽപ്പറ്റയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരുന്ന മധ്യവയസ്കയും സാധാരണക്കാരിയുമായ പരാതിക്കാരിയെയാണ് ഇഗ്നേഷ്യസ് കബളിപ്പിച്ചത്. ലോൺ ശരിയാക്കാനുള്ള പ്രോസസിങ് ചാർജ് എന്ന പേരിൽ, മൂന്ന് തവണകളായി 6,05,000 രൂപയാണ് ഇയാളും സംഘവും ചേർന്ന് കൈക്കലാക്കിയത്.ആദ്യം, പ്രോസസിങ് ചാർജ് ഇനത്തിൽ കൽപ്പറ്റയിൽ വെച്ച് 50,000 രൂപ വാങ്ങി.ശേഷം, പരാതിക്കാരിയെ ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ എത്തിക്കുകയും അത് സ്വന്തം സ്ഥാപനമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് ബാക്കി 5,55,000 രൂപ തട്ടിയെടുത്തത്.

പരാതിക്കാരി തന്റെ അയൽവാസികളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചാണ് തട്ടിപ്പുകാർക്ക് നൽകാനുള്ള പണം കണ്ടെത്തിയത്.നാളുകൾ ഏറെ കഴിഞ്ഞിട്ടും ലോൺ ലഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി സ്ത്രീക്ക് മനസ്സിലായത്. പണം തിരികെ ചോദിച്ചപ്പോൾ പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഇഗ്നേഷ്യസ് അരൂജ.