Banner Ads

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി: മുട്ടടയിൽ യുഡിഎഫിനായി വൈഷ്ണ സുരേഷ് ജനവിധി തേടും.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കുന്നതിന് തടസ്സമില്ല. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും അവർക്ക് വോട്ട് ചെയ്യാനും മത്സരിക്കാനും അനുമതി നൽകിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. കമ്മീഷൻ നേരത്തെ വോട്ട് നീക്കിയ നടപടി ഇതോടെ റദ്ദായി. ഇതോടെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വൈഷ്ണയ്ക്ക് പത്രിക നൽകാം.

വോട്ടർപട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് തനിക്ക് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞതെന്നും, നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഒഴിവാക്കിയതെന്നുമാണ് യുവതിയുടെ പരാതി.ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങൾ നിർണായകമായി.”സാങ്കേതികത്തിന്റെ പേരിൽ 24 വയസ്സുള്ള ഒരു പെൺകുട്ടിക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണ്.

“”അനാവശ്യ രാഷ്ട്രീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല. ഒരു ചെറുപ്പക്കാരി മത്സരിക്കാൻ തയ്യാറായി എത്തുമ്പോൾ ഇത്തരത്തിലാണോ പെരുമാറേണ്ടത്?”—കോടതി ചോദിച്ചു.ഈ മാസം 20-നകം വൈഷ്ണയേയും പരാതിക്കാരനെയും വിളിച്ചുവരുത്തി ഹിയറിങ് നടത്തി, വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.കോടതിയുടെ ഈ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് വൈഷ്ണ സുരേഷിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക ഉത്തരവ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.