പുതിയ പരാതി ആസൂത്രിതമായ നീക്കമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും, മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ വ്യക്തമാക്കി. യുവ ഡോക്ടറുടെ നീക്കത്തിന് തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു യുവ ഡോക്ടറുടെ പരാതിയിൽ, തൃക്കാക്കര പോലീസ് റാപ്പർ വേടനെതിരെ കേസെടുത്തു. തന്നെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിക്കുകയും പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് അഞ്ച് തവണ തന്നെ പീഡിപ്പിച്ചെന്നും, ലഹരി ഉപയോഗിച്ചതിന് ശേഷവും പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകി.
കൂടാതെ, പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി പോലീസിനെ അറിയിച്ചു. ഐപിസി 376 (2) (n) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.തുടർച്ചയായ പീഡനശേഷം വേടൻ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിൻമാറുകയായിരുന്നു. വേടന്റെ തീരുമാനം തന്നെ മാനസികമായി തളർത്തിയെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
ഇതിനുമുൻപും വേടനെതിരെ മീ ടൂ ആരോപണങ്ങളും പരാതികളും വന്നിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് വേടനും പരാതിക്കാരിയും സൗഹൃദത്തിലായത്. തുടർന്ന് പരിചയത്തിന്റെ പേരില്‍ വേടൻ യുവതിയുടെ കോഴിക്കോടുളള ഫ്ളാറ്റില്‍ എത്തുകയായിരുന്നു. അവിടെ വച്ചാണ് വേടൻ യുവതിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. അതിനുശേഷം കോഴിക്കോടും കൊച്ചിയിലും വച്ച് പലതവണ വേടൻ യുവതിയെ ബലാത്സംഗം ചെയ്തു. 2023ഓടെ വേടൻ ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.