Banner Ads

കയറ്റം കയറുന്നതിനിടെ ബസ് പുറകോട്ട് ഉരുണ്ടു; നിയന്ത്രണം വിട്ട് വയലിലെ തോട്ടിലേക്ക് മറിഞ്ഞു

പാലക്കാട് : പാലക്കാട് ഒറ്റപ്പാലം മനിശേരിയിലെ വരിക്കാശ്ശേരി മനയ്ക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു. മനയ്ക്ക് സമീപത്തെ വയൽ പ്രദേശത്തെ തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ 25 സഞ്ചാരികളും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

വരിക്കാശ്ശേരി മനയുടെ ഗേറ്റിന് സമീപത്തെ കയറ്റം കയറിവരുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് പുറകോട്ട് പോവുകയായിരുന്നു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് ബസിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പിന്നീട് ക്രെയിൻ എത്തിച്ചാണ് തോട്ടിൽ വീണ ബസ് ഉയർത്തിയത്. നിരവധി പ്രശസ്തമായ സിനിമകളുടെ ലോക്കേഷനായിട്ടുള്ള വരിക്കാശ്ശേരി മന കാണാൻ നിരവധി വിനോദ സ‍ഞ്ചാരികള്‍ പലഭാഗങ്ങളിൽ നിന്നായി എത്താറുണ്ട്.