
കണ്ണൂർ : സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദൻ മാസ്റ്റർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പികെ ശ്യാമള ടീച്ചർ. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങളെല്ലാം പാർട്ടിക്കെതിരെയാണെന്നും മറുപടി പറയേണ്ടത് പാർട്ടിയാണെന്നും ടീച്ചർ വ്യക്തമാക്കി.
ഉന്നയിക്കപ്പെട്ട വിഷയങ്ങൾ സംഘടനാപരമാണ്. വ്യക്തിപരമായി താൻ മറുപടി പറയേണ്ട സാഹചര്യം നിലവിലില്ല. ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ പ്രതികരിക്കാമെന്നും ടീച്ചർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ തീരുമാനപ്രകാരമാണ് മത്സരിക്കുന്നത്.
പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും ശ്യാമള ടീച്ചർ പറഞ്ഞു. തളിപ്പറമ്പിൽ പികെ ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ടികെ ഗോവിന്ദൻ മാസ്റ്റർ പാർട്ടി വിടുകയും സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.