
ദില്ലി: ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പരസ്യനിലപാടിലേക്ക്. തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ച മുതിർന്ന നേതാക്കളോട് “എനിക്ക് എന്റെ വഴി, എല്ലാവർക്കും ഗുഡ്ബൈ” എന്ന് ക്ഷോഭത്തോടെ പ്രതികരിച്ച അദ്ദേഹം, ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. ഇതോടെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു കെ. സുധാകരൻ. എന്നാൽ എം.പിമാരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന കർശന നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിക്കുകയായിരുന്നു.സുധാകരന് ഇളവ് നൽകുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായി എതിർത്തു.
ഈ നിലപാടിനെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പിന്തുണച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ സുധാകരനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ആലോചനകൾ സുധാകരൻ നടത്തുന്നതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.”കോൺഗ്രസ് നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കടുത്ത നിലപാടിലേക്കാണ് സുധാകരൻ നീങ്ങുന്നത്. കേരള രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയുള്ള 12 മണിയുടെ വാർത്താസമ്മേളനത്തിനായി രാഷ്ട്രീയ കേരളം കാത്തിരിക്കുന്നു.”