Banner Ads

ഹോസ്റ്റലിൽ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ കാൽ ഒടിഞ്ഞു; അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തൃശൂർ : പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റതിനെ തുടർന്ന് ചികിത്സ തേടിയത്. മർദ്ദനത്തിൽ അനൂപിന്റെ കാല് ഒടിഞ്ഞു.

വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അനൂപിനെ ഇതേ ഹോസ്റ്റലിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മർദ്ദനമേറ്റ അനൂപിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി.

സംഭവത്തിൽ ഹോസ്റ്റൽ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി അനൂപിന്റെ ബന്ധുക്കൾ രംഗത്തെത്തി. മർദ്ദനമേറ്റിട്ടും ഹോസ്റ്റൽ അധികൃതർ കുട്ടിയ്ക്ക് കൃത്യ സമയത്ത് ചികിത്സ ഉറപ്പാക്കിയില്ലെന്നും ഹോസ്റ്റൽ വാർഡന്മാരുടെ അശ്രദ്ധയാണ് ഇത്തരമൊരു സംഭവം നടക്കാൻ കാരണമെന്നും കുടുംബം ആരോപിച്ചു.