Banner Ads

സംസ്ഥാനത്തെ ട്രോളിങ് നിരോധനം; ഇന്ന് അവസാനിക്കും

തിരുവനന്തപുരം :സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. ഇതോടെ യന്ത്രവൽകൃത ബോട്ടുകൾക്ക് മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ അനുമതിയാകും.

വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് ഈ വർഷത്തെ ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാർബറുകളിൽ പ്രതീക്ഷയോടെയുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വെള്ളിയാഴ്ച പുലർച്ചയോടെ ബോട്ടുകൾ കടലിലേക്ക് ഇറങ്ങും.

കേരള തീരത്തുനിന്ന് ഏകദേശം 4200-ഓളം യന്ത്രവൽകൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമാണ് മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്നത്. നിരോധനം ആരംഭിച്ചപ്പോൾ നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ചെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ തന്നെ ബോട്ടുകൾ ഇന്ധനം, ഐസ്, കുടിവെള്ളം, പാചക സാമഗ്രികൾ എന്നിവ നിറച്ചും വലകൾ കയറ്റിയും ഒരുങ്ങിയിരുന്നു.

മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മൺസൂൺ കാലത്തും കേരള തീരത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ വർഷം ജൂൺ ഒമ്പതിനാണ് നിരോധനം നിലവിൽ വന്നത്. എറണാകുളം ജില്ലയിൽ നിന്നുള്ള 600 ബോട്ടുകളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് നേടിയ 150 ബോട്ടുകളുമടക്കം ആകെ 750 ബോട്ടുകളാണ് മുനമ്പം, വൈപ്പിൻ കാളമുക്ക്, തോപ്പുംപടി എന്നീ ഹാർബറുകളിൽ നിന്ന് കടലിൽ പോകാൻ തയ്യാറെടുക്കുന്നത്.

Tag