Banner Ads

സംസ്ഥാന ചലച്ചിത്ര അവാർഡ് 31-ന്; ഫൈനൽ പോരാട്ടം, മമ്മൂട്ടിയുടെ ഭ്രമയുഗം മുതൽ മലൈക്കോട്ടൈ വാലിബൻ വരെ പട്ടികയിൽ

കൊച്ചി : 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ മാസം 31-ന് പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും വരാനിരിക്കെയാണ് പ്രഖ്യാപനം വേഗത്തിലാക്കുന്നത്. ഇത്തവണ 128 സിനിമകളാണ് അവാർഡ് കമ്മിറ്റിക്ക് മുന്നിൽ എത്തിയത്.

രണ്ട് പ്രാഥമിക ജൂറികളുടെ പരിഗണനയ്ക്ക് ശേഷം 36 സിനിമകളാണ് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സിനിമകൾ വിലയിരുത്തുന്നത്. 2024 ലെ മികച്ച ചിത്രങ്ങൾക്ക് ഉള്ള അവാർഡാണ് പ്രഖ്യാപിക്കാനുള്ളത്.

മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള അവസാന പട്ടികയിലുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ എന്നിവയും അവസാന റൗണ്ടിലെത്തി.

ബറോസിലൂടെ മോഹൻലാലിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അജയന്റെ രണ്ടാം മോഷണം (ARM), ഗുരുവായൂർ അമ്പലനടയിൽ, പ്രേമലു, വർഷങ്ങൾക്കുശേഷം, സൂക്ഷ്മദർശിനി, മാർക്കോ, ഭ്രമയുഗം, ആവേശം, കിഷ്കിൻധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയിൽ അവസാന റൗണ്ടിൽ ഉള്ളത്.

മികച്ച ചിത്രം, നടൻ, നടി, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മെയിൻസ്ട്രീം താരങ്ങളല്ലാത്തവരിലേക്കും പുരസ്കാരങ്ങൾ പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സംസ്ഥാന സർക്കാർ സിനിമാ കോൺക്ലേവ് സംഘടിപ്പിച്ചതു കാരണം ഇത്തവണ അവാർഡ് പ്രഖ്യാപനം വൈകിയിരുന്നു.