
ചിക്കമഗളൂരു : വിനോദസഞ്ചാരത്തിനിടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് കർണാടക പോലീസ്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാനുള്ള സാധ്യത പോലീസ് തള്ളി.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ശ്രീനന്ദ കാലുതെന്നി വീണതോ അല്ലെങ്കിൽ സ്വമേധയാ ചാടിയതോ ആകാമെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോർട്ട് ലഭിച്ചെങ്കിലും വിശദമായ പരിശോധനകളും മറ്റ് ശാസ്ത്രീയ അന്വേഷണങ്ങളും തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. കർണാടക പോലീസിന്റെ ഔദ്യോഗിക അകമ്പടിയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കാണാതായ പ്രദേശത്തുനിന്നും ഏകദേശം 1500 അടി താഴ്ചയിൽ നിന്നാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഡ്രോൺ മോണിറ്ററിൽ പതിഞ്ഞത്. കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ.