Banner Ads

നിരീക്ഷണത്തിന് പ്രത്യേക പട്രോളിങ് സംഘം; തെരുവുനായ്ക്കളെ റോഡുകളിൽ നിന്ന് നീക്കാൻ സുപ്രീം കോടതി വിധി

ദില്ലി:റോഡുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങൾ ഒഴിവാക്കാനുമാണ് ഈ നടപടി.ദേശീയപാതകൾ, മറ്റ് റോഡുകൾ, സർക്കാർ ഓഫീസുകൾ, സ്പോർട്‌സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെയും മറ്റ് മൃഗങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ എല്ലാ സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം.

സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നായ്ക്കൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കണം.പൊതുസ്ഥലങ്ങളിൽ ദിവസേനയുള്ള പരിശോധന നടത്തി നായ്ക്കളുടെ സാന്നിധ്യം ഒഴിവാക്കണം.റോഡുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും മൃഗങ്ങളെ കണ്ടെത്താനും നീക്കം ചെയ്യാനും പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിക്കണം.പിടികൂടുന്ന തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരണത്തിന് വിധേയമാക്കണം.

വന്ധ്യംകരണം നടത്തിയതിന് ശേഷം നായ്ക്കളെ പിടിച്ച അതേസ്ഥലത്ത് തിരികെ തുറന്നുവിടരുത്. ഇതിനായുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുൻസിപ്പൽ കോർപ്പറേഷനുകളും സ്വീകരിക്കണം.ഈ ഉത്തരവ് പൊതുജനങ്ങൾക്ക് ആശ്വാസകരവും തെരുവുനായ്ക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതുമാണ്.