തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം 3500 ആയി പരിമിതപ്പെടുത്തി. ഇതിൽ ആദ്യമായി ഓൺലൈൻ വഴി അപേക്ഷിച്ച 3000 പേരെയും, ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിക്കുന്ന 500 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 4590 പേർ ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ രജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വിവിധ വിഷയങ്ങളിൽ പ്രമുഖർ അവതരണങ്ങൾ നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നത് കെ. ജയകുമാർ ഐ.എ.എസ് ആണ്. മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റിയിലെ അംഗങ്ങളായ അദ്ദേഹവും മാത്യു ജോസഫും അവതരണത്തിൽ പങ്കെടുക്കും. ശബരിമലയുടെ ആത്മീയ ടൂറിസം സാധ്യതകളെക്കുറിച്ച് കെ. ബിജു ഐ.എ.എസ്, വേണു രാജാമണി, പി.എസ്. പ്രശാന്ത് എന്നിവർ സംസാരിക്കും.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ എ. ഹേമചന്ദ്രൻ, ജി.എസ്. പ്രദീപ്, കെ.എസ്.ഡി.എം.എ. ജേക്കബ് പുന്നൂസ്, ശ്രീറാം സാംബശിവ റാവു ഐ.എ.എസ് എന്നിവർ അവതരിപ്പിക്കും.