Banner Ads

കൃഷിയിടത്തിലെ സോളാർ വേലി വില്ലനായി; ഷോക്കേറ്റ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം.

പാലോട്: തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയിൽ സോളാർ വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു. ദളിത് കോൺഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റും പെരിങ്ങമ്മല ദൈവപ്പുര സ്വദേശിയുമായ വിൽസൺ ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ ആടിന് തീറ്റ ശേഖരിക്കാനായി പോയതായിരുന്നു വിൽസൺ. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പെരിങ്ങമ്മല ഇക്ബാൽ കോളേജിന് പിന്നിലുള്ള കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പാലോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശാവർക്കറായ മോളിയാണ് വിൽസന്റെ ഭാര്യ. മകൾ: കാർത്തിക.