ആലപ്പുഴ: എർത്ത് വയറിൽനിന്ന് ഷോക്കേറ്റു ആറുവയസ്സുകാരൻ മരിച്ചു. അമ്മയുടെ വീട്ടിൽ നില്ക്കാൻ വന്ന തിരുവല്ല പെരിങ്ങര കൊല്ലറയിൽ ഹാബേൽ ഐസക്കിന്റെയും ശ്യാമയുടെയും മകൻ ഹമീനാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ശ്യാമയുടെ കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം.
സോക്കറ്റിലെ ഷോർട്ട് സർക്യൂട്ട് മൂലം ലൈവ് വയറിൽനിന്ന് എർത്തിലേക്കു വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് വൈദ്യുതി ബോർഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്.വീടിന്റെ ഭിത്തിയോടു ചേർന്ന് മണ്ണിൽകളിക്കുന്നതിനിടെ എർത്ത് കമ്ബിയിൽ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമികമായ നിഗമനം.
വഴിയാത്രക്കാരാണ് കുട്ടി വീണുകിടക്കുന്നതു കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാവേലിക്കര ജില്ലാആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവല്ല പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ സ്കൂളിലെ യുകെജി വിദ്യാർഥിയാണ് ഹമീൻ