Banner Ads

സ്ഐആർ തുടരും; മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കമ്മീഷൻ, ഹർജികൾ തള്ളാൻ സത്യവാങ്മൂലം

ദില്ലി : കേരളത്തിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്ഐആർ) നടപടികൾക്കെതിരെ എസ്.ഡി.പി.ഐ സുപ്രീം കോടതിയിൽ വീണ്ടും ഹർജി നൽകി. എസ്.ഡി.പി.ഐ. അധ്യക്ഷൻ സിപി അബ്ദുൾ ലത്തീഫാണ് ഹർജി നൽകിയത്. എസ്ഐആർ നടപടികൾ പൂർണ്ണമായി റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

എസ്ഐആർ നടപടികൾ വഴി ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വോട്ടുകൾ ഒഴിവാക്കാൻ നീക്കമുള്ളതായി ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, എസ്ഐആറിനെതിരെയുള്ള ഹർജികൾ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കേരളത്തിലെ എസ്ഐആർ നടപടികൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലിഭാരം മൂലമല്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നതിനിടെ നിലവിലെ സാഹചര്യം വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് നിർദ്ദേശം നൽകി.