പതിനെട്ട് ദിവസം നീണ്ട നിർണായക ദൗത്യം വിജയകരമായി പൂർത്തിയാക്കി ആക്‌സിയം ഫോർ ദൗത്യസംഘം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങി . ഇന്ത്യൻ സമയം വൈകിട്ട് 4:35-നാണ് മടക്കയാത്ര ആരംഭിച്ചു .
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കാലിഫോർണിയക്ക് സമീപം പസഫിക് സമുദ്രത്തിൽ പേടകം ലാൻഡ് ചെയ്യും. സർക്കാർ പിന്തുണയോടെയുള്ള ലോകത്തിലെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.
അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസ്, സ്‌പേസ് എക്‌സ്, ഐഎസ്ആർഒ, നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമാണിത്.ജൂൺ 25-ന് കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് നാലംഗ സംഘത്തെ വഹിച്ചുള്ള ഡ്രാഗൺ പേടകവുമായി കുതിച്ചുയർന്നു.
ജൂൺ 26-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ച ശേഷമാണ് ഇപ്പോൾ ഭൂമിയിലേക്ക് മടങ്ങുന്നത്.ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല (ദൗത്യത്തിന്റെ പൈലറ്റ്) ,നാസയുടെ മുതിർന്ന ബഹിരാകാശയാത്രികൻ പെഗ്ഗി വിറ്റ്സൺ ,
പോളണ്ട് സ്വദേശി സ്ലാബോസ് ഉസ്നാൻസ്കി ,ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് യാത്രയിലെ പ്രധാനികൾ .ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:50-ന് യാത്രികർ പേടകത്തിനകത്ത് പ്രവേശിച്ച് ഹാച്ച് അടച്ചു . വൈകിട്ട് 4:35-ന് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക് ചെയ്യുകയും ചെയ്തു .ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ നിലയത്തിൽ നിന്ന് സുരക്ഷിതമായ അകലത്തിലെത്തിയ ശേഷം ഭൂമിയെ ലക്ഷ്യമാക്കി അതിവേഗ യാത്ര ആരംഭിച്ചു .
22 മണിക്കൂറോളം നീളുന്ന യാത്രക്കൊടുവിൽ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം സ്പ്ലാഷ് ഡൗൺ ചെയ്യും.അതിനുശേഷം വിദഗ്ധർ കപ്പലിലെത്തി പേടകത്തെയും യാത്രികരെയും കരയിലേക്ക് മാറ്റും.
ബഹിരാകാശ നിലയത്തിൽ വെച്ച് സംഘം അറുപതിലധികം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്നും ദൗത്യത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എന്നും ആക്‌സിയം സ്‌പേസ് അറിയിച്ചു. സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗൺ പേടകത്തിൽ തന്നെയാണ് മടങ്ങുന്നതും.