
കണ്ണൂർ: ചെറുപുഴയിൽ രാത്രി കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി അപായപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു.ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫ് (35) നാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഭാര്യ സിസിലിയും പേരക്കുട്ടിയും ഉറങ്ങിക്കിടന്ന മുറിയിലേക്ക് ജോസഫ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. എന്നാൽ, സംഭവത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പെട്രോളിൽ നിന്നും തീ പടർന്ന് ജോസഫിന് ഗുരുതരമായി പൊള്ളലേറ്റു. ഈ സമയം ജോസഫിന്റെ മകൻ ഷാജിയും ഭാര്യയും വീട്ടിലുണ്ടായിരുന്നു.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ രാജപുരം പോലീസിൽ വിവരമറിയിച്ചു.
പോലീസിന്റെ സഹായത്തോടെ ഗുരുതരമായി പൊള്ളലേറ്റ ജോസഫിനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പുലർച്ചയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.തീവെപ്പിൽ കിടപ്പുമുറിയിലെ കിടക്കയും മറ്റു സാധനങ്ങളും കത്തിനശിച്ചെങ്കിലും വീടിന് പൂർണ്ണമായി തീ പടർന്നിട്ടില്ല. സംഭവത്തെക്കുറിച്ച് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.