Banner Ads

എംസി റോഡിൽ അപകടം; കെഎസ്ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്

കൊല്ലം : എംസി റോഡിൽ വാളകം വയ്ക്കൽ ക്ഷേത്രത്തിന് മുന്നിൽ കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസിലെയും ടാങ്കറിലെയും ഡ്രൈവർമാർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മുന്നിലുണ്ടായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസിനുള്ളിലും ടാങ്കറിലും കുടുങ്ങിക്കിടന്ന ഡ്രൈവർമാരെയും യാത്രക്കാരെയും വാഹനത്തിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ട് ഡ്രൈവർമാരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.