Banner Ads

വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂർ; പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജയിൽ ശിക്ഷ ലഭിച്ചാൽ പദവി നഷ്ടമാകും

ദില്ലി:ന്യൂഡൽഹി: ജയിൽ ശിക്ഷ ലഭിച്ചാൽ പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പദവികൾ നഷ്ടമാകുന്ന വിവാദ ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോഴും, നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്തെത്തി. ബില്ലിൽ തനിക്ക് തെറ്റായി ഒന്നും കാണാൻ കഴിയില്ലെന്ന് തരൂർ പ്രതികരിച്ചു. അതേസമയം, ബില്ലുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാരിൻ്റെ തീരുമാനം.

പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബില്ലെന്ന് ‘ഇന്ത്യ’ സഖ്യം വിമർശിച്ചു. പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം കാരണം ഉച്ചവരെ പാർലമെൻ്റിൽ ബില്ല് അവതരിപ്പിക്കാനായില്ല. ഈ ബഹളത്തിനിടെ ഓൺലൈൻ ഗെയിമിങ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. തുടർച്ചയായി 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടമാകുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. രാവിലെ ചേർന്ന ‘ഇന്ത്യ’ സഖ്യ യോഗം ബില്ലിനെ എതിർക്കാൻ തീരുമാനിച്ചിരുന്നു.

ബില്ല് അവതരിപ്പിച്ച ശേഷം ഇത് സൂക്ഷ്മ പരിശോധനയ്ക്കായി ജെപിസിക്ക് വിടാനാണ് സാധ്യത. ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുമുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ബഹളം തുടരുന്ന പ്രതിപക്ഷത്തെ പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു രൂക്ഷമായി വിമർശിച്ചു. ഉച്ചയ്ക്ക് ശേഷം വിവാദ ബില്ല് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

അഴിമതി ഇല്ലാതാക്കാനെന്ന പേരിലാണ് ബില്ല് അവതരിപ്പിക്കുന്നതെങ്കിലും, ഇത് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം. മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ലക്ഷ്യമിട്ടുള്ള ബില്ലിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നീക്കാനുള്ള അധികാരം കേന്ദ്രത്തിലേക്ക് എത്തുമെന്നും പ്രതിപക്ഷം ഭയപ്പെടുന്നു.