തിരുവനന്തപുരം : മദ്യലഹരിയിൽ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) നിജാമിനെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. സ്വകാര്യ വാഹനത്തിൽ എത്തിയ എസ്.എച്ച്.ഒ ആദ്യം നഗരത്തിൽ വെച്ച് മഹിളാമോർച്ച പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലാണ് ഇടിച്ചത്.
ഈ സംഭവം പണം നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിനുപിന്നാലെ പി.എം.ജി. ജംഗ്ഷനിൽ വെച്ച് എസ്.എച്ച്.ഒ വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കന്റോൺമെൻ്റ് പൊലീസ് എത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ ലീവിലായിരുന്ന എസ്.എച്ച്.ഒ ആണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.