Banner Ads

ലൈംഗിക പീഡനക്കേസ്: വേടൻ ഒളിവിൽ പോയെന്ന് സംശയം; ഫോൺ പിടിച്ചെടുത്ത് പോലീസ്.

കൊച്ചി:ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പ് ഗായകൻ വേടൻ ഒളിവിൽ . ഇന്നലെ തൃശൂരിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് വേടന്റെ ഫോൺ കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, പരാതി നൽകിയ പെൺകുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.കേസിൽ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ജാമ്യ ഹർജിയിൽ പറയുന്നത്. ഓഗസ്റ്റ് 18നാണ് ഹൈക്കോടതി ജാമ്യ ഹർജി പരിഗണിക്കുക. തനിക്കെതിരെ പരാതി നൽകുമെന്ന് യുവതി ഭീഷണി സന്ദേശം തനിക്കും മാനേജർക്കും അയച്ചിരുന്നുവെന്നും വേടന്റെ ജാമ്യ ഹർജിയിൽ പറയുന്നു.

2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ പല തവണകളായി വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകിയ ശേഷമായിരുന്നു പീഡനം. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളർത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.