കോട്ടയം: മകന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസം മാത്രം തികയുമ്പോഴാണ് കോട്ടയത്ത് മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയില്‍.മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകന്‍ ഗൗതം ഏഴുവര്‍ഷം മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കാറിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. 2017 ജൂണ്‍ മൂന്നാം തീയതിയാണ് ഗൗതമിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടുമുന്‍പത്തെ ദിവസം സുഹൃത്തിനെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞ് ഗൗതം കാര്‍ എടുത്ത് പുറത്തു പോയി.
എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ ഗൗതമിന്റെ മൃതദേഹം കണ്ടെടുത്തത്.തുടക്കംമുതല്‍ തന്നെ മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് ആണ് കേസ് അന്വേഷിച്ചത്.തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഗൗതം ആത്മഹത്യ ചെയ്തതാണ് എന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ കത്തി ഉപയോഗിച്ച് ഗൗതം ആത്മഹത്യ ചെയ്തു എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇതിനെതിരെ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ച് ഒരു മാസം മാത്രം തികയുമ്പോഴാണ് ഗൗതമിന്റെ മാതാപിതാക്കളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍ എന്തെങ്കിലും തരത്തിൽ ബന്ധം ഉണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗൗതം എന്‍ജിനിയറിങ് ബിരുദ ധാരിയായിരുന്നു. തിരുവനന്തപുരത്ത് ഐടി സ്ഥാപനം നടത്തിയിരുന്ന ആളാണ്.സംഭവത്തെ തുടർന്ന് അസം സ്വദേശി കസ്റ്റഡിയില്‍ തിരുവാതുക്കല്‍ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസം സ്വദേശി അമിത് കസ്റ്റഡിയില്‍. വീട്ടില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് ഇതിന് പിന്നിലെന്ന സംശയമാണ് പൊലീസിന് നിലനിൽക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.