Banner Ads

മോഹൻലാലിന് തിരിച്ചടി; ആനക്കൊമ്പ് കേസ് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നടൻ മോഹൻലാൽ ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് കേസ് പിൻവലിച്ച് ഉടമസ്ഥാവകാശം പതിച്ചു നൽകിയ സർക്കാർ നടപടിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ അസാധുവാണെന്നും നടപടി നിയമവിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം നൽകിക്കൊണ്ട് വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രം പുറത്തിറക്കിയാൽ നിയമസാധുത ഉണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആവശ്യമെങ്കിൽ സർക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2011-ൽ മോഹൻലാലിന്റെ എറണാകുളത്തെ വീട്ടിൽ നിന്ന് അനധികൃതമായി ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് ആദായനികുതി വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് വനംവകുപ്പിന് കൈമാറി.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് കാണിച്ച് വനംവകുപ്പ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സർക്കാർ ഉത്തരവ് റദ്ദാക്കിയ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി മോഹൻലാൽ വിചാരണ നേരിടണമെന്ന് വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.