Banner Ads

രക്ഷകരായി മുതിർന്ന വിദ്യാർഥികൾ; സ്കൂൾ വളപ്പിൽ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ഒന്നാം ക്ലാസുകാരനെ രക്ഷപ്പെടുത്തി

തിരുവനന്തപുരം : കിളിമാനൂർ ഗവ. എൽ.പി. സ്കൂൾ വളപ്പിൽ വെച്ച് ഒന്നാം ക്ലാസ് വിദ്യാർഥിയെ തെരുവുനായ്ക്കൾ ആക്രമിച്ചു. കിളിമാനൂർ സ്വദേശി പ്രയാഗ് (7) എന്ന വിദ്യാർഥിക്കാണ് നാല് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയും കുട്ടിയെ ഓടിച്ച് തള്ളിയിട്ട ശേഷം ദേഹത്ത് കയറി കടിക്കുകയുമായിരുന്നു. സമീപത്തെ ഹയർസെക്കൻഡറി സ്കൂളിലെ മുതിർന്ന വിദ്യാർഥികൾ ഉടൻ ഓടിയെത്തി നായ്ക്കളെ ഓടിച്ചാണ് പ്രയാഗിനെ രക്ഷിച്ചത്. ശരീരത്തിൻ്റെ പിൻഭാഗത്ത് മുറിവേറ്റ കുട്ടിയെ കേശവപുരം സർക്കാർ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് കുത്തിവയ്പ്പ് നൽകി.

നേരത്തെയും സ്കൂൾ വളപ്പിൽ സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കുട്ടിയുടെ അച്ഛൻ പ്രശാന്ത് പറഞ്ഞു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രശാന്ത് വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.