
ദില്ലി : ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഒൻപത് ആയി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. തീവ്രവാദ ബന്ധമുള്ള കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.
വൈറ്റ് കോളർ ഭീകരസംഘടനയുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ നിന്ന് അടുത്തിടെ പിടിച്ചെടുത്ത വൻതോതിലുള്ള സ്ഫോടകവസ്തുക്കളുടെ സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി വൈകി സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് ലാബ് അംഗങ്ങൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ക്രൈം വിംഗ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു.
പരിക്കേറ്റ 32 പേരിൽ 27 പോലീസുകാരും 3 സാധാരണക്കാരും ഉൾപ്പെടുന്നു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആസൂത്രിതമായി നടന്ന ആക്രമണമല്ല മറിച്ച് ആകസ്മികമായ ഒരു സ്ഫോടനമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം ആവർത്തിക്കുന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിച്ചേക്കും. നൗഗാം സ്ഫോടനമുണ്ടായ സ്ഥലം മന്ത്രി സന്ദർശിക്കുമെന്നാണ് സൂചന.