
കണ്ണൂർ: ചക്കരക്കൽ – മുഴപ്പാല റോഡിൽ അമിതവേഗതയിലെത്തിയ കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. കൂറൻ്റെ പീടികയ്ക്ക് സമീപം നടന്ന ഈ അപകടത്തിൻ്റെ ഭീതിപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ പിന്നിൽ നിന്നെത്തിയ കാർ അമിതവേഗതയിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാർ യാത്രക്കാരുടെ അശ്രദ്ധയും അമിതവേഗതയുമാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
റോഡരികിലെ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയിലാണ് അപകടത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞത്. കാർ അനിയന്ത്രിതമായ വേഗതയിൽ വന്ന് സ്കൂട്ടറിനെ ഇടിക്കുന്നതും യാത്രക്കാരൻ വായുവിൽ ഉയർന്നു തെറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.പ്രദേശത്ത് അമിതവേഗത നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.