Banner Ads

ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയെയും കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് സഖി വൺ സ്റ്റോപ്പ് സെന്റർ.

മലപ്പുറം : അരീക്കോട് ബസ് സ്റ്റാൻഡിൽ ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയായ 23കാരിയെയും നാലും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും സഖി വൺ സ്റ്റോപ്പ് സെന്റർ ഒരാഴ്ചയ്ക്കകം ബന്ധുവിനോടൊപ്പം നാട്ടിലെത്തിച്ചു.

ആഗസ്റ്റ് 19നാണ് യുവതിയെയും കുഞ്ഞുങ്ങളെയും അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് താത്കാലിക സംരക്ഷണം നൽകുന്നതിനായി അരീക്കോട് പോലീസ് അവരെ പെരിന്തൽമണ്ണ സഖി-വൺ സ്റ്റോപ്പ് സെന്ററിൽ എത്തിക്കുകയായിരുന്നു.

കേരളത്തിൽ ജോലിക്കെത്തിയ ഭർത്താവിനൊപ്പം നാല് മാസമായി താമരശ്ശേരിയിൽ താമസിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഭർത്താവുമായി വഴക്കിട്ടതിനെത്തുടർന്ന് അദ്ദേഹം ഇവരെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ അസമിലെ ബന്ധുക്കളെ കണ്ടെത്താൻ സഖി വൺ സ്റ്റോപ്പ് സെന്റർ ശ്രമം തുടങ്ങി. ഒടുവിൽ ബന്ധുക്കളെ കണ്ടെത്തി, യുവതിയെയും കുഞ്ഞുങ്ങളെയും അവരുടെ സംരക്ഷണയിൽ നാട്ടിലേക്ക് അയച്ചു.