
പത്തനംതിട്ട : പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ച് സിപിഎം ജില്ലാ നേതൃത്വം പത്മകുമാറിന് നോട്ടീസ് നൽകി. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ നീക്കം. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയിരുന്നു. ഇത് പാർട്ടിയിൽ നിന്നുള്ള പുറത്താക്കലിന്റെ മുന്നോടിയാണെന്നാണ് സൂചന. വാതിൽപാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നീ രണ്ട് കേസുകളിൽ കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചു.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിയാത്തതിനാലാണ് 105 ദിവസത്തെ ജയിൽവാസത്തിന് ശേഷം പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ വെച്ച് രേഖകളുണ്ടാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും സ്വർണ്ണക്കൊള്ള നടത്താൻ അവസരമൊരുക്കിയെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ.