Banner Ads

ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാർ കുരുക്കിൽ; പാസ്‌പോർട്ട് പിടിച്ചെടുത്തു, വിദേശയാത്രകൾ അന്വേഷണത്തിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ വിദേശ യാത്രകൾ എസ്ഐടി അന്വേഷിക്കും. ഇതിനായി പത്മകുമാറിൻ്റെ പാസ്‌പോർട്ട് എസ്ഐടി പിടിച്ചെടുത്തു. പത്മകുമാർ നടത്തിയ വിദേശയാത്രകളുടെ ലക്ഷ്യം, യാത്രകൾക്കിടെ നടത്തിയ കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക.

കഴിഞ്ഞ ദിവസം ആറന്മുളയിലെ പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന അർദ്ധരാത്രി വരെ നീണ്ടു. ഈ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുടെയും 2016 മുതലുള്ള ആദായനികുതി വിവരങ്ങളുടെയും രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. താൻ പ്രസിഡൻ്റാകുന്നതിന് മുൻപുതന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് പത്മകുമാർ മൊഴി നൽകി. ഇത് പോറ്റിയെ സംരക്ഷിക്കുന്ന ഉന്നതർ ഇനിയുമുണ്ടെന്ന സൂചന നൽകുന്നു.

താനെടുത്ത എല്ലാ തീരുമാനങ്ങളും ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്ന് പത്മകുമാർ പറഞ്ഞു. ഇതോടെ ചെമ്പെന്ന് രേഖകളിൽ തിരുത്തിയത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് മൊഴി നൽകിയ കെപി ശങ്കരദാസിൻ്റെയും വിജയകുമാറിൻ്റെയുമടക്കം ബോർഡ് അംഗങ്ങളെയും പത്മകുമാർ കുരുക്കിലാക്കിയിരിക്കുകയാണ്. പോറ്റിയും പത്മകുമാറും തമ്മിലുള്ള ഇടപാടിൻ്റെ രേഖകൾക്കായാണ് വീട്ടിൽ പരിശോധന നടത്തിയത്.