Banner Ads

രക്ഷാപ്രവർത്തനം അസാധ്യം; നാദാപുരത്ത് കിണറ്റിൽ വീണ പന്നികളെ വനംവകുപ്പ് കൊന്നൊടുക്കി

കോഴിക്കോട് : നാദാപുരം പുറമേരിയിൽ കിണറ്റിൽ വീണ ഏഴ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പുറമേരി എസ്.പി എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന പരപ്പിൽ സഫിയയുടെ വീട്ടുപറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് പന്നിക്കൂട്ടം വീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നാല് വലിയ പന്നികളും മൂന്ന് കുട്ടികളുമാണ് കിണറ്റിൽ വീണത്. കിണറ്റിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പന്നികളെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കിണറ്റിൽ നിന്നും പന്നികളെ പുറത്തെടുക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ വനംവകുപ്പിന്റെ എം-പാനൽ ഷൂട്ടർ പ്രദീപ് കുമാർ, സഹായികളായ സ്നിഷിൽ ലാൽ, ബിനിൽ എന്നിവർ ചേർന്ന് കിണറ്റിൽ വെച്ച് തന്നെ ഇവയെ വെടിവെച്ച് കൊല്ലുകയായിരുന്നു. വെടിയേറ്റ പന്നികളുടെ ജഡം അഗ്നിരക്ഷാസേന പുറത്തെടുത്തു. വനംവകുപ്പിന്റെ മേൽനോട്ടത്തിൽ തുടർനടപടികൾ സ്വീകരിച്ചു.