Banner Ads

“അർഹതപ്പെട്ടവർക്ക് ആശ്വാസം: ഒക്ടോബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം 27 മുതൽ”

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത. ഒക്ടോബർ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഒക്ടോബർ 27-ന് ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.പെൻഷൻ വിതരണത്തിനായി 812 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.

ഏകദേശം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുക.ഓരോ ഗുണഭോക്താവിനും 1600 രൂപ വീതമാണ് ലഭിക്കുക.26.62 ലക്ഷം പേരുടെ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തിച്ച് പെൻഷൻ കൈമാറും.8.46 ലക്ഷം പേർക്ക് ലഭിക്കേണ്ട ദേശീയ പെൻഷൻ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.

ഈ തുക കേന്ദ്ര സർക്കാരിന്റെ പി.എഫ്.എം.എസ്. (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തേണ്ടത്.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ക്ഷേമ പെൻഷൻ വിതരണത്തിനായി 43,653 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.