
ന്യൂഡൽഹി : കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ച പെൻഷൻകാർക്കും രണ്ടുതരം ക്ഷാമബത്ത നിരക്കുകൾ നൽകാനുള്ള നീക്കത്തിന് തിരിച്ചടി. വ്യത്യസ്ത നിരക്കുകൾ നിശ്ചയിച്ച കെഎസ്ആർടിസി ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും കെഎസ്ആർടിസിയും നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.
പണപ്പെരുപ്പം കണക്കിലെടുത്ത് നൽകുന്ന ക്ഷാമബത്തയിൽ സർവീസിലുള്ളവരെന്നും വിരമിച്ചവരെന്നും വിവേചനം കാണിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷാമബത്ത വിതരണം നയപരമായ തീരുമാനമാണെന്നും അതിൽ തീരുമാനമെടുക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്നുമുള്ള സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
പെൻഷൻകാർക്ക് ഉയർന്ന നിരക്കിൽ ഡിഎ നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന കെഎസ്ആർടിസിയുടെ വാദവും സുപ്രീംകോടതി തള്ളി. കേസിൽ തൊഴിലാളി യൂണിയനുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ കോടതിയിൽ ഹാജരായി.