Banner Ads

ഐടി ജീവനക്കാർക്കും ദിവസവേതനക്കാർക്കും ആശ്വാസം; വോട്ടെടുപ്പ് ദിനത്തിൽ വേതനത്തോടെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. വാർത്താക്കുറിപ്പിലാണ് സംസ്ഥാന ലേബർ കമ്മിഷണർ ഇക്കാര്യം ‌അറിയിച്ചിരിക്കുന്നത്. സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിലുള്ള സ്ഥാപനങ്ങൾ, ഐടി പാർക്കുകൾ, പ്ലാന്റേഷനുകൾ,

നിർമ്മാണ മേഖലകൾ എന്നിവിടങ്ങളിലെ എല്ലാ തൊഴിലാളികൾക്കും അവധിക്ക് അർഹതയുണ്ട്. അവധി നൽകുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ല. ദിവസവേതനക്കാർ, കാഷ്വൽ, കോൺട്രാക്ട് തൊഴിലാളികൾ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും.

ജോലി ചെയ്യുന്ന മണ്ഡലത്തിലല്ലാതെ മറ്റ് മണ്ഡലങ്ങളിൽ വോട്ടുള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ വേതനത്തോടു കൂടിയ അവധി നൽകണം. ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് സ്ഥാപനത്തിന് വലിയ നഷ്ടമോ അപകടമോ ഉണ്ടാക്കുന്ന സാഹചര്യമാണെങ്കിൽ അത്തരം ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതിയും സമയവും നൽകേണ്ടതാണ്.

അവധി നൽകാതിരിക്കുകയോ ശമ്പളം പിടിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. എല്ലാ ജീവനക്കാർക്കും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ സൗകര്യമൊരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.