Banner Ads

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ കുടിശ്ശിക തീർക്കാൻ 20 കോടി, ധനസഹായം അനുവദിച്ചു

തിരുവനന്തപുരം : അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന് 20 കോടി രൂപ സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷൻ, വിരമിക്കൽ ആനുകൂല്യം, മരണാനുകൂല്യം തുടങ്ങിയവ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിനായാണ് ഈ തുക അനുവദിച്ചത്. പെൻഷൻ വിതരണത്തിനു മാത്രം ബോർഡിന് മാസം 4.26 കോടി രൂപ ആവശ്യമുണ്ട്.

എന്നാൽ പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപ മാത്രമാണ്. സാമ്പത്തികമായി സ്വയംപര്യാപ്തതയില്ലാത്ത ബോർഡ് സർക്കാർ സഹായത്തോടെയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ നാലര വർഷത്തിനിടെ മാത്രം 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചിട്ടുള്ളത്. പുതിയ ഫണ്ട് ലഭിച്ചതോടെ ആയിരക്കണക്കിന് വിരമിച്ച ജീവനക്കാർക്ക് ആശ്വാസമാകും.