
തിരുവനന്തപുരം : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. സമ്മതിദായകർക്ക് വോട്ടവകാശം വിനിയോഗിക്കാൻ ഡിസംബർ ഒൻപതിനും പതിനൊന്നിനും ബന്ധപ്പെട്ട ജില്ലകളിൽ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയും അനുവദിക്കണം.
സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ, മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും അവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സൗകര്യം നൽകുന്നതിനോ തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.