
മലയാള സിനിമയിൽ ഇപ്പോൾ റീറിലീസുകളുടെ വസന്തകാലമാണ്. പഴയകാല ഹിറ്റുകൾ പുത്തൻ സാങ്കേതിക മികവോടെ വീണ്ടും എത്തുമ്പോൾ ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിക്കുന്നത് മോഹൻലാൽ ചിത്രങ്ങളാണ്. സ്‍ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു തുടങ്ങിയ സിനിമകളാണ് മുമ്പ് മോഹൻലാലിന്റേതായി തിയറ്ററില്‍ വീണ്ടും എത്തിയത്.
ആഗോള കളക്ഷനിൽ ഇതിഹാസ ചിത്രം മണിച്ചിത്രത്താഴിനെ രാവണപ്രഭു പിന്നിലാക്കി. മണിച്ചിത്രത്താഴ് 4.6 കോടി നേടിയപ്പോൾ രാവണപ്രഭു ഇതുവരെ 4.70 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. റീ-റിലീസ് ദിനത്തിലെ കളക്ഷനിൽ (67-70 ലക്ഷം) രണ്ടാം സ്ഥാനത്താണ് രാവണപ്രഭു. ഒന്നാം സ്ഥാനം മോഹൻലാലിന്റെ തന്നെ സ്ഫടികത്തിനാണ്.
റീ-റിലീസ് ആകെ കളക്ഷനിൽ ദേവദൂതൻ (5.4 കോടി), സ്ഫടികം (4.95 കോടി) എന്നിവയാണ് രാവണപ്രഭുവിന് മുന്നിലുള്ളത്. കഴിഞ്ഞ ഒക്ടോബർ 10ന് എത്തിയ ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയും പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയും പരിഗണിച്ച് മാർച്ച് 6ന് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.