
തിരുവനന്തപുരം : ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയുമായി ഫെഫ്ക. ഫെഫ്കയുടെ കീഴിലുള്ള ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്.
ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജിഎസ് വിജയൻ എന്നിവരാണ് പ്രസ്താവനയിലൂടെ തീരുമാനം അറിയിച്ചത്. സംവിധായകരുടെ സംഘടനയ്ക്ക് പുറമെ രചയിതാക്കളുടെ സംഘടനയായ റൈറ്റേഴ്സ് യൂണിയനും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. യുവനടിയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ രഞ്ജിത്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.