ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷ നൽകുന്ന പുതിയ നിയമം രാജസ്ഥാൻ നിയമസഭയിൽ അവതരിപ്പിക്കും. ‘രാജസ്ഥാനിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2025’ എന്ന പേരിൽ കൊണ്ടുവരുന്ന ഈ നിയമത്തിൽ, കൂട്ട മതപരിവർത്തനത്തിന് 20 വർഷം വരെ തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നുണ്ട്.
കൂടാതെ, ദളിത്, ഗോത്ര വിഭാഗത്തിൽപ്പെട്ടവരെ നിർബന്ധിച്ച് മതം മാറ്റിയാൽ 20 വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. നിയമം ഫെബ്രുവരിയിൽ അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. ഇപ്പോൾ കൂടുതൽ കർശനമായ വ്യവസ്ഥകളോടെയാണ് പുതിയ നിയമം വരുന്നത്.
പുതിയ നിയമമനുസരിച്ച്, ഒരാൾ സ്വന്തം ഇഷ്ടപ്രകാരം തൻ്റെ പൂർവ്വികരുടെ മതത്തിലേക്ക് (ഘർ വാപസി) മടങ്ങിപ്പോകുന്നത് ശിക്ഷാർഹമല്ല. ഇത് നിർബന്ധിത മതപരിവർത്തനമായി കണക്കാക്കില്ലെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ന് രാജസ്ഥാൻ നിയമസഭയുടെ മേശപ്പുറത്ത് ഈ ബിൽ വെക്കും.