Banner Ads

മഴയെത്തുന്നു! പകൽ കടുത്ത ചൂടും വൈകുന്നേരം വേനൽമഴയും; ഒമ്പത് ജില്ലകളിൽ താപനില ഉയരും

കണ്ണൂർ : കേരളത്തിൽ കനത്ത ചൂടിന് ആശ്വാസമേകി ഇന്നും നാളെയും വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. പകൽ സമയങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വൈകുന്നേരങ്ങളിൽ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മുൻകരുതൽ എടുക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.