
ബലാത്സംഗ പരാതിയിൽ പ്രതിയായ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. തുടർവാദങ്ങൾ കേട്ട ശേഷമാകും സെഷൻസ് കോടതി വിധി പറയുക.ഇന്നുച്ചയോടെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂറോളം നീണ്ട വാദം പൂർത്തിയാക്കിയിരുന്നു. കൂടുതൽ രേഖകൾ പരിശോധിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി വൈകിയതോടെ രാഹുലിന്റെ അറസ്റ്റ് ഉണ്ടാവില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി.പോലീസ് റിപ്പോർട്ടിൽ രാഹുലിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളതെന്നാണ് വിവരം. രാഹുൽ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളും ചാറ്റുകളുമെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ജാമ്യം അനുവദിച്ചാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്നും കേസിന് പിന്നിൽ ബിജെപി-സിപിഎം ഗൂഢാലോചനയാണെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇത് രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സ്വർണക്കൊള്ള കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോൾ ഈ കേസ് ഉയർത്തിക്കൊണ്ടുവന്നതെന്നും പ്രതിഭാഗം വാദിച്ചു. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് ഇത് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകൾ പ്രകാരം പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ ഒളിവിലാണ്.കൂടാതെ, ഇന്നലെ രാഹുലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. ഈ യുവതി കെ.പി.സി.സിക്ക് നൽകിയ പരാതി പോലീസ് അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്.