തിരുവന്തപുരം: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. തന്നെ നിയമസഭയിലെത്തിച്ച ഇടതുമുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു സ്പീക്കര്‍ക്ക് രാജി നല്കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.
പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശത്തെ തുടർന്നാണ് പിവി അന്‍വര്‍. എംഎല്‍എ സ്ഥാനംരാജിവയ്ക്കുമ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതി രാജിക്കത്ത് കൊടുക്കണo എന്നാണ് നിയമം. ഇന്ന് നേരിട്ടെത്തി രാജി നല്‍കുകയും ചെയ്തു. രാജി സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും പിവി അന്‍വര്‍ പറഞ്ഞു.
പി ശശിക്കും അജിത് കുമാറിനുമെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് തന്നെ തള്ളിപ്പറയുകയായിരുന്നു. പി ശശിക്കെതിരെ നടത്തിയ പോരാട്ടം അവജ്ഞയോടെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് മനസിലായത്. മുഖ്യമന്ത്രിക്കെതിരെ വന്നതോടെ ഇടതുനേതൃത്വം തന്നെ പാടെ ഒഴിവാക്കുകയായിരുന്നു.
ഒരുപാട് പാപഭാരങ്ങള്‍ പേറിയാണ് താന്‍ നടക്കുന്നത്. പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി ശശിയാണ്. 150 കോടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നിട്ടുണ്ടെന്ന് പറഞ്ഞ് കൃത്യമായി ടൈപ്പ് ചെയ്തു തരികയായിരുന്നു.താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പതിനൊന്നാം തീയതി തന്നെ ഓണ്‍ലൈനായി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു.