Banner Ads

പ്രണയപ്പക: പെൺകുട്ടിയുടെ വീട്ടിലേക്ക് നാടൻ ബോംബെറിഞ്ഞ രണ്ടുപേർ പിടിയിൽ

പാലക്കാട്: വീട്ടിലേക്ക് നാടൻ ബോംബെറിഞ്ഞു പ്രണയപ്പകയിൽ നടന്ന ആക്രമണത്തിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. സംഭവത്തില്‍ രണ്ടു യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.

17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ വീടിൻറെ തകർന്ന ജനലിന് താഴെനിന്ന് പെട്രോൾ നിറച്ച കുപ്പിയും ഗുണ്ടും കണ്ടെത്തി. തുടർന്ന് ഇവരുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

പെൺകുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പ്രതികൾ പഠിച്ചത്. പെട്രോൾ ബോംബ് കത്താത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴൽമന്ദം പൊലീസ് വ്യക്തമാക്കി.