Banner Ads

റാന്നിയിൽ പോറ്റിപ്പാട്ട് പോര്; പരാതിക്ക് പിന്നിൽ ഇടത് ഗൂഢാലോചനയെന്ന് യുഡിഎഫ്

പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാരഡി പാട്ട് ഉപയോഗിച്ചതിനെതിരെയുള്ള പരാതിയിൽ പ്രതികരണവുമായി റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു. പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടി പ്രചാരണം നടത്തിയതിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി നൽകിയ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മധു ആരോപിച്ചു. താൻ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ഒരു മതവിഭാഗത്തിന്റെയും വ്രണപ്പെടുത്തിയിട്ടില്ലെന്നും പഴകുളം മധു വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഇനിയും ഉന്നയിക്കുമെന്നും പാട്ട് പാടി തന്നെ പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പരാതി നൽകിയത് സിപിഎമ്മിന്റെയും ഇടത് സ്ഥാനാർത്ഥിയുടെയും നിർദ്ദേശപ്രകാരമാണെന്ന് പഴകുളം മധു കുറ്റപ്പെടുത്തി.

എന്നാൽ പവിത്രമായ പോറ്റിപ്പാട്ടിനെ പാരഡിയാക്കി പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നിലപാട്. പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് പ്രസാദ് കുഴിക്കാല അറിയിച്ചു.