
തിരുവനന്തപുരം : ഗൂഗിൾ പേയിലെ പോക്കറ്റ് മണി എന്ന ഫീച്ചറിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വോയ്‌സ് സന്ദേശങ്ങളും പോസ്റ്റുകളും അടിസ്ഥാനരഹിതമാണെന്ന് കേരള പോലീസ്. ഈ ഫീച്ചർ ഉപയോഗിച്ചാൽ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടുമെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്.
ഇത്തരം വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഉപഭോക്താവിന്റെ അനുമതിയോ യുപിഐ പിൻ നമ്പറോ നൽകാതെ ഗൂഗിൾ പേ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയില്ല. പോക്കറ്റ് മണി ഫീച്ചർ ഉപയോഗിച്ച് സൈബർ തട്ടിപ്പുകൾ നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവിലെ പ്രചാരണങ്ങൾ ജനങ്ങളിൽ അനാവശ്യ ഭീതി പടർത്താൻ ഉദ്ദേശിച്ചുള്ളതാണ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിക്കുന്ന വോയ്‌സ് ക്ലിപ്പുകൾ വസ്തുതാവിരുദ്ധമാണ്. ഡിജിറ്റൽ ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും വ്യാജമായ പ്രചാരണങ്ങളിൽ വീഴരുതെന്നും പോലീസ് നിർദ്ദേശിച്ചു.