
ബെംഗളൂരു : ഗൂഗിൾ പേ പുതുതായി അവതരിപ്പിച്ച പോക്കറ്റ് മണി എന്ന ഫീച്ചർ സുരക്ഷിതമല്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് വിദഗ്ധർ. ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടുമെന്ന ഓഡിയോ സന്ദേശങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. 2025 ഡിസംബറിലാണ് ഗൂഗിൾ പേ ഈ ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കിയത്.
കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും മാതാപിതാക്കളുടെ നിയന്ത്രണത്തിൽ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന യുപിഐ സർക്കിൾ എന്ന NPCI സംവിധാനമാണിത്. മാതാപിതാക്കൾക്ക് കുട്ടികൾക്കായി ഒരു നിശ്ചിത തുക (പ്രതിമാസം പരമാവധി 15000 വരെ) ലിമിറ്റ് സെറ്റ് ചെയ്യാം. ഓരോ ഇടപാടും മാതാപിതാക്കൾക്ക് നേരിട്ട് പരിശോധിച്ച് അപ്രൂവ് ചെയ്യാനും സാധിക്കും.
നിങ്ങളുടെ അനുമതിയോ യുപിഐ പിൻ നമ്പറോ ഇല്ലാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടില്ല. ഗൂഗിൾ പേ ആപ്പിനുള്ളിലെ ഫീച്ചർ സുരക്ഷിതമാണെങ്കിലും തട്ടിപ്പുകാർ ഈ പേര് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. പോക്കറ്റ് മണി റിവാർഡ് ലഭിച്ചു എന്ന രീതിയിൽ വരുന്ന എസ്എംഎസ്/വാട്സാപ്പ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. പണം ലഭിക്കാൻ ആർക്കും യുപിഐ പിൻ നൽകേണ്ട ആവശ്യമില്ല.
ആരെങ്കിലും പിൻ നമ്പർ ആവശ്യപ്പെട്ടാൽ അത് 100% തട്ടിപ്പാണ്. ഗൂഗിൾ പേ ആപ്പിനുള്ളിലെ പോക്കറ്റ് മണി സൗകര്യം തികച്ചും വിശ്വസനീയമാണ്. അത് ഒരു സ്കാം അല്ല. വ്യാജ പ്രചാരണങ്ങളിൽ ഭയപ്പെടാതെ പുറത്തുനിന്ന് വരുന്ന സംശയാസ്പദമായ സന്ദേശങ്ങളിൽ മാത്രം ജാഗ്രത പുലർത്തുക.