Banner Ads

പിണറായിക്ക് മോദിയുമായി ചങ്ങാത്തം; ഇഡിയെ പേടി, കോംപ്രമൈസ് മുഖ്യമന്ത്രിയെന്ന് കെസി വേണുഗോപാൽ

കണ്ണൂർ : പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും സംസ്ഥാനം ഭരിക്കുന്നത് ഒരു കോംപ്രമൈസ് മുഖ്യമന്ത്രിയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി-സിപിഎം ഡീൽ വെറും ആരോപണമല്ല മറിച്ച് യാഥാർത്ഥ്യമാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളിൽ പോലും പ്രസക്തമല്ലാത്ത കക്ഷികൾക്ക് സീറ്റ് നൽകി സിപിഎം ഒത്തുകളിക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും ലേബർ കോഡ് പോലുള്ള വിഷയങ്ങളിൽ നിന്നും പരസ്പരം രക്ഷിക്കാനുള്ള നീക്കമാണിതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ബാർ ലൈസൻസ് അനുവദിച്ചതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു. ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് പോലുമില്ലാതെ 200 ബാറുകൾക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഈ അഴിമതിയിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളം ഇന്ന് അഹങ്കാരത്തിന്റെ കൊടുമുടിയിലുള്ള ഒരു മുഖ്യമന്ത്രിയുടെ കീഴിലാണ്.

ഇന്ധനക്ഷാമം പരിഹരിക്കാനോ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാനോ സർക്കാരിന് സാധിക്കുന്നില്ല. പിണറായി വിജയൻ ഇപ്പോൾ വിശ്വസിക്കുന്നത് പരസ്യ ബോർഡുകളിൽ മാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഉപ്പുവെച്ച കലം പോലെയായിക്കഴിഞ്ഞു. ഭരണത്തിൽ അസംതൃപ്തരായ നിരവധി സിപിഎം പ്രവർത്തകർ പാർട്ടിയോട് സലാം പറഞ്ഞ് പുറത്തുവരികയാണെന്നും വേണുഗോപാൽ പറഞ്ഞു.

പൊലീസ് ഗുണ്ടകൾക്ക് സംരക്ഷണം നൽകുകയാണെന്നും കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലാതായെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. അഴീക്കോട് മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.