കൊച്ചി: രാവിലെ 10.30-ന് എയര്‍ഇന്ത്യ വിമാനത്തില്‍ ബ്രസല്‍സില്‍ നിന്ന് ദോഹ വഴിയാണ് ദേവിക എത്തുന്നത്. കൂടെ തന്റെ പൊന്നോമനയായ വളർത്തുമൃഗവും ഉണ്ടാകും. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10-നാണ് അനുമതി ലഭിച്ചത്.ബെല്‍ജിയത്തിലെ ബ്രസല്‍സില്‍നിന്ന് എത്തുന്ന ദേവിക എന്ന യാത്രക്കാരിക്കൊപ്പമാണ് ആദ്യത്തെ പെറ്റ് പാസഞ്ചർ ഇന്ന് കൊച്ചിയിൽ പറന്നിറങ്ങുക.കൊച്ചി വിമാനത്താവളത്തില്‍ അനിമല്‍ ക്വാറന്റൈന്‍ സേവനം ആരംഭിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു.
വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഒരു വളർത്തുമൃഗം കൊച്ചിയിലെത്തുന്നത്.വളർത്തുമൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടു വരുന്നതിന് ഏഴ് ദിവസം മുൻപെങ്കിലും ഇതു സംബന്ധിച്ച അപേക്ഷ നൽകണം.
വാക്സിനേഷൻ, മൈക്രോ ചിപ്, ഹെൽത്ത് സർട്ടിഫിക്കറ്റുകളും എയർ ടിക്കറ്റ്, എയർവേ ബിൽ പാസ്പോർട്ട് കോപ്പി എന്നിവയും ഇതോടൊപ്പം നൽകണം.മുംബൈ, ഡല്‍ഹി,ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. വിദേശത്തു നിന്നെത്തുന്ന ഓമനകളെ എക്യുസിഎസ് വിഭാഗം പരിശോധന നടത്തി അസുഖങ്ങൾ ഇല്ല എന്ന് ബോധ്യപ്പെട്ടാല്‍ ഉടമയ്ക്ക് വിട്ടുനല്‍കും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ 15 ദിവസത്തേക്ക് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും.