Banner Ads

യാത്രക്കാർ കണ്ടത് കൊക്കയിലെ മൃതദേഹം; താമരശ്ശേരി ചുരത്തിൽ ദുരൂഹമരണം

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ എട്ടിനും ഒൻപതിനും വളവുകൾക്കിടയിലുള്ള കൊക്കയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ചുരത്തിലൂടെ പോയ യാത്രക്കാരാണ് 12 മീറ്ററോളം താഴ്ചയുള്ള കൊക്കയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം താമരശ്ശേരി പോലീസിനെ അറിയിച്ചു.

താമരശ്ശേരി പോലീസും കൽപ്പറ്റയിൽ നിന്നുള്ള അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രാഥമിക പരിശോധനയിൽ മൃതദേഹം ഹമീദിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.