Banner Ads

കണ്ണൂരിൽ ഓപ്പറേഷൻ നിയമം; ഗതാഗത നിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്

കണ്ണൂർ : നഗരത്തിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് (എംവിഡി) പരിശോധനകൾ ശക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലും തിരക്കേറിയ നഗരകേന്ദ്രങ്ങളിലും ട്രാഫിക് പോലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച വ്യാപകമായ പരിശോധനകൾ നടന്നു.

നഗരത്തിലെ തിരക്കേറിയ പലസ്ഥലങ്ങളിലും ട്രാഫിക് പോലീസും പരിശോധനകൾ കർശനമാക്കി. വാഹനങ്ങളിലെ പുകമലിനീകരണം, ഓവർ സ്‌പീഡ്, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത്, ട്രിപ്പ് മുടക്കുന്ന ബസുകൾ തുടങ്ങി വിവിധ പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയവർക്കെതിരെ ഉടൻ തന്നെ ചലാനുകൾ നൽകി.

രാത്രികാലങ്ങളിലും പരിശോധനകൾ തുടരുന്നുണ്ട്. നഗരത്തിലെ തിരക്കേറിയ പല സ്ഥലങ്ങളിലും വാഹന പാർക്കിങ് നിരോധിച്ച സാഹചര്യത്തിൽ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. നോ പാർക്കിങ്ങിൽ വാഹനം നിർത്തിയാൽ 250 രൂപയാണ് പിഴ.

വീണ്ടും ആവർത്തിക്കുന്നവർക്ക് 1000 രൂപ. ഹെൽമെറ്റ് ഉപയോഗം ശക്തമാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കും. നഗരത്തിലെ നിയമലംഘനങ്ങൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും ആർടിഒ ഉണ്ണികൃഷ്ണൻ അറിയിച്ചു.